കിരീടം ചൂടിയ കാല്‍നൂറ്റാണ്ട്
സേതുമാധവന്‍ വീടുവിട്ട് ഇറങ്ങിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. കോടതി വെറുതെ വിട്ടാലും സാഹചര്യങ്ങള്‍ സമ്മാനിച്ച ജീവപര്യന്തം അയാള്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടാകണം. സഫലമാകാത്ത സ്വപ്നങ്ങളുമായി വിജനമായ തെരുവുകളിലൂടെയും ഏകാന്തമായ പാതിരാവുകളിലൂടെയും അലഞ്ഞുതിരിയുന്നുണ്ടാകണം.
മോഹന്‍ലാല്‍ എന്ന നടനെ മലയാളികളുടെ ചേതനയോട് ഇത്രത്തോളം ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു കഥാപാത്രം ഉണ്ടാകില്ല, കിരീടത്തിലെ സേതുമാധവനെപ്പോലെ. സാഹചര്യങ്ങള്‍ ജീവിത വഴികളെ എങ്ങനെയെല്ലാം മാറ്റത്തീര്‍ക്കുന്നുവെന്ന് ഇതുപോലെ മലയാളികളെ അനുഭവിപ്പിച്ച സിനിമകളും അധികമുണ്ടാകില്ല.
മറുവാക്കു കേള്‍ക്കാന്‍ കാത്തുനില്‍ക്കാതെ സേതു വിധി തെളിച്ച വഴിയിലൂടെ സഞ്ചാരം തുടങ്ങിയത് 1989 ജൂലായ് ഏഴിനാണ്.
എന്തുകൊണ്ടാണ് സേതുമാധവനോട് മലയാളികള്‍ക്ക് അത്രയേറെ അടുപ്പവും അനുകമ്പയും തോന്നിയത്? സേതു ഒരു മാതൃക തന്നെയായിരുന്നു. രണ്ടുപകുതികളിലൂടെ, മനുഷ്യന്റെ രണ്ടു പരിധികളെ കാട്ടിത്തന്ന മാതൃക. അന്നത്തെ സിനിമാസ്വാദകന് കാണാനും താരതമ്യംചെയ്യാനും തിരുത്താനും സ്‌നേഹിക്കാനും സഹതപിക്കാനും ഏറ്റവും എളുപ്പമുള്ള മാതൃക.
പത്രമാസികകൡ വരുന്ന പുരാണകഥകള്‍ വളളിപുള്ളി വിടാതെ രാത്രി അമ്മയ്ക്ക് വായിച്ചുകൊടുക്കുമ്പോള്‍ സേതുവിന് ഒരിക്കലും ക്ഷമകെട്ടില്ല. ശമ്പള ദിവസം അച്ഛന്‍ പണിയെടുക്കുന്ന പോലീസ് സ്‌റ്റേഷനുമുന്നില്‍ ചെന്ന് വീട്ടാവശ്യത്തിനായി കൈനീട്ടാന്‍ ഒരു മടിയുമുണ്ടായില്ല. കൂട്ടത്തില്‍, അച്ഛന്റെ സന്തോഷത്തിന് ഒരു 'കുപ്പി' കൂടി വാങ്ങുന്ന കാര്യം പറയാന്‍ അയാള്‍ മറന്നില്ല. മുത്തശ്ശിയുടെ 'പഴംപുരാണങ്ങള്‍' എത്ര കേട്ടിട്ടും ഒട്ടും മുഷിച്ചിലുണ്ടായതുമില്ല. 'കണ്‍നിറയെ കാണാന്‍കിട്ടുന്നില്ലല്ലോ' എന്ന് മുറപ്പെണ്ണിനോട് പരിഭവം പറയാന്‍ ലജ്ജയുമുണ്ടായില്ല. തല്ലും കൊലയും അയാള്‍ക്ക് പേടിയായിരുന്നു.
കിരീടത്തിന്റെ ആദ്യപകുതിയില്‍ സേതു പൂര്‍ണനായിരുന്നു. അന്നത്തെ കുടുംബഘടനയ്ക്കകത്ത് എല്ലാം തികഞ്ഞ ഒരു ആള്‍രൂപം. കിരീടത്തിന്റെ ആദ്യപകുതിയിലെ സേതുവിന് നഷ്ടപ്പെടാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ആ സേതുവിനെ ആഗ്രഹിക്കാത്തവര്‍ കുറയും. അതുകൊണ്ടാണ് തെറ്റില്‍നിന്ന് തെറ്റിലേക്ക് തെന്നിവീഴുമ്പോള്‍, പോകല്ലേ, പോകല്ലേ എന്ന് സേതുവിന്റെ അച്ഛന്‍ അച്യുതന്‍ നായരെപ്പോലെ ഓരോ കാഴ്ചക്കാരനും ഉള്ളംപിടിഞ്ഞ് നിശ്ശബ്ദമായി വിലക്കിയത്. ലോഹിതദാസിനെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍ സേതുമാധവന് കിട്ടിയ അനുകമ്പയുടെ ചെറിയൊരനുപാതം അനുകമ്പപോലും കിട്ടിയ നായകന്‍മാരെ മലയാള സാഹിത്യം സൃഷ്ടിച്ചിട്ടില്ല എന്ന് കല്‍പ്പറ്റ നാരായണന്‍ (അയാള്‍ ഏകാന്തത വായിച്ചു) എഴുതിയിട്ടുണ്ട്.
കിരീടത്തിലെ സേതുമാധവന്‍ കുടുംബത്തിന്റെ കരുതലുകളുടെയും ത്യാഗത്തിന്റെയും സന്തതിയായിരുന്നു. അതുകൊണ്ടാണ് ആ ചരട് ഒരിടത്തുപൊട്ടിയപ്പോള്‍ സേതുവിന്റെ കുടുംബം കുത്തഴിഞ്ഞുവീണത്.
ആ പൂര്‍ണതയില്‍നിന്നാണ് അയാള്‍ ഒരു മണിക്കൂറിനകം വീടും നാടും ഭയക്കുന്ന കുറ്റവാളിയും കൊലപാതകിയുമായത്.
അതൊരു തുടക്കമായിരുന്നു. പിന്നെയും ഏറെക്കഴിഞ്ഞാണ് വീടോ കുടുംബമോ ഇല്ലാതെ മട്ടാഞ്ചേരിയില്‍ ജനിക്കുകയും കൊച്ചിയില്‍ വളരുകയും ചെയ്യുന്ന ഒട്ടേറെ ക്വട്ടേഷന്‍ സംഘങ്ങള്‍ മലയാള സിനിമയില്‍ ഒരു തറവാട് തന്നെ സൃഷ്ടിച്ചത്.
അതേ സേതു, പിന്നീട് സ്വന്തം വിധി നിശ്ചയിക്കാന്‍ കോടതി സ്വയമുണ്ടാക്കുമെന്ന് പറഞ്ഞ് മംഗലശ്ശേരി നീലകണ്ഠനായും കാര്‍ത്തികേയനായും പുനര്‍ജനിച്ചിട്ടുണ്ട് (ദേവാസുരം, രാവണപ്രഭു). അവിടെ കൊല്ലാനും ചാകാനും മടിക്കാത്തവനായിരുന്നു നായകന്‍.
നിലനില്‍ക്കുന്ന നിയമസംവിധാനത്തെയും ഭരണകൂടത്തെയും വെല്ലുവിളിച്ച് വ്യക്തികള്‍ സ്വയമുണ്ടാക്കുന്ന നിയമങ്ങളും, ക്രിമിനല്‍ വാഴ്ചയും കേഡീ പണം പിരിവുമെല്ലാം മലയാളികള്‍ ഇത്ര അടുത്തുനിന്നും ഇത്ര തെളിച്ചത്തോടെയും ആദ്യം കണ്ടതും കിരീടത്തിലാകണം. അതുകൊണ്ടാണല്ലോ, 25 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മോഹന്‍രാജ് എന്ന നടനെ നമ്മള്‍ കീരിക്കാടന്‍ ജോസ് എന്നു മാത്രം ഓര്‍ക്കുന്നത്.
0 comments:
Post a Comment